Indian Revised Version — Malayalam (2019)
സങ്കീർത്തനങ്ങൾ 95
1വരുവിൻ, നാം യഹോവയ്ക്കു പാടുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. 2നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ ദൈവത്തിന്റെ മുമ്പാകെ ഘോഷിക്കുക. 3യഹോവ മഹാദൈവമല്ലോ; അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. 4ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ. 5സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി; കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു. 6വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. 7അവിടുന്ന് നമ്മുടെ ദൈവമാകുന്നു; നാമോ അവിടുന്ന് മേയിക്കുന്ന ജനവും അവിടുത്തെ കൈകളിലെ ആടുകളും തന്നെ. 8ഇന്ന് നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 9അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു. 10നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും എന്റെ കല്പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്” എന്നും ഞാൻ പറഞ്ഞു. 11“ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യംചെയ്തു.
This chapter is not in this version.
Keep going
Indian Revised Version — Malayalam (2019). Indian Revised Version (Malayalam), Bridge Connectivity Solutions, CC BY-SA 4.0, via eBible.org. Inline cross-reference notes removed..