Skip to content

Indian Revised Version — Malayalam (2019)

സങ്കീർത്തനങ്ങൾ 59

1സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വർണ്ണഗീതം. അവനെ കൊല്ലുവാൻ ശൗല്‍ അയച്ച ആളുകൾ വീട് കാത്തിരുന്ന കാലത്ത് രചിച്ചത്. എന്‍റെ ദൈവമേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; എനിക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകേണമേ. 2നീതികേട് പ്രവർത്തിക്കുന്നവരുടെ കയ്യിൽനിന്ന് എന്നെ മോചിപ്പിച്ച് രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കേണമേ. 3ഇതാ, അവർ എന്‍റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്‍റെ നേരെ കൂട്ടം കൂടുന്നത് എന്‍റെ അതിക്രമം നിമിത്തമല്ല, എന്‍റെ പാപം ഹേതുവായിട്ടുമല്ല. 4എന്‍റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു; എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കേണമേ. 5സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്‍റെ ദൈവമേ, സകലജനതകളെയും സന്ദർശിക്കേണ്ടതിന് അവിടുന്ന് ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. സേലാ. 6സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു. 7അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; “ആര്‍ കേൾക്കും” എന്നു അവർ പറയുന്നു. 8എങ്കിലും യഹോവേ, അവിടുന്ന് അവരെ നോക്കി ചിരിക്കും; അവിടുന്ന് സകലജനതകളെയും പരിഹസിക്കും. 9എന്‍റെ ബലമായുള്ള യഹോവേ, ഞാൻ അങ്ങയെ കാത്തിരിക്കും; ദൈവം എന്‍റെ ഗോപുരമാകുന്നു. 10എന്‍റെ ദൈവം തന്‍റെ കരുണയിൽ എന്നെ എതിരേല്ക്കും; ഞാൻ എന്‍റെ ശത്രുക്കളെ കണ്ടു രസിക്കുവാൻ ദൈവം ഇടയാക്കും. 11അവരെ കൊന്നുകളയരുതേ; എന്‍റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, അങ്ങേയുടെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തേണമേ. 12അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ. 13അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ. 14സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു. 15അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ പിറുപിറുത്തുകൊണ്ട് കാത്തിരിക്കുന്നു. 16ഞാൻ അവിടുത്തെ ബലത്തെക്കുറിച്ച് പാടും; അതികാലത്ത് ഞാൻ അങ്ങേയുടെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്ത് അവിടുന്ന് എന്‍റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. 17എന്‍റെ ബലമായുള്ള യഹോവേ, ഞാൻ അങ്ങേക്ക് സ്തുതിപാടും; എന്‍റെ ഗോപുരവും എന്നോട് ദയ കാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ.

Keep going

Indian Revised Version — Malayalam (2019). Indian Revised Version (Malayalam), Bridge Connectivity Solutions, CC BY-SA 4.0, via eBible.org. Inline cross-reference notes removed..

Books

✦ Explain this verse with AI AI explanations, Bible Q&A, characters, maps and more — in the Truth of Bible app →

Reading settings

Theme
Text size
100%
Layout

Loading the Bibles…

Your choice is remembered on this device and used for reading, search and the verse screen.