Skip to content

Indian Revised Version — Malayalam (2019)

സങ്കീർത്തനങ്ങൾ 147

1യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ. 2യഹോവ യെരൂശലേമിനെ പണിയുന്നു; കർത്താവ് യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. 3മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. 4ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര്‍ വിളിക്കുന്നു. 5നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; അവിടുത്തെ വിവേകത്തിന് അന്തമില്ല. 6യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. 7സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ; 8കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു. 9ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്‍റെ ആഹാരം കൊടുക്കുന്നു. 10അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; പുരുഷന്‍റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. 11തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്‍റെ ദൈവത്തെ വാഴ്ത്തുക; 13ദൈവം നിന്‍റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് നിന്‍റെ അകത്ത് നിന്‍റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. 14കർത്താവ് നിന്‍റെ ദേശത്ത് സമാധാനം വരുത്തുന്നു; വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. 15ദൈവം തന്‍റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടുത്തെ വചനം അതിവേഗം ഓടുന്നു. 16ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. 17അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അതിന്‍റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്? 18ദൈവം തന്‍റെ വാക്കിനാൽ അവ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു. 19ദൈവം യാക്കോബിന് തന്‍റെ വചനവും യിസ്രായേലിനു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. 20അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല; കർത്താവിന്‍റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിക്കുവിൻ.

Keep going

Indian Revised Version — Malayalam (2019). Indian Revised Version (Malayalam), Bridge Connectivity Solutions, CC BY-SA 4.0, via eBible.org. Inline cross-reference notes removed..

Books

✦ Explain this verse with AI AI explanations, Bible Q&A, characters, maps and more — in the Truth of Bible app →

Reading settings

Theme
Text size
100%
Layout

Loading the Bibles…

Your choice is remembered on this device and used for reading, search and the verse screen.