Skip to content

Indian Revised Version — Malayalam (2019)

സംഖ്യാപുസ്തകം 35

1യഹോവ പിന്നെയും യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്: 2“യിസ്രായേൽ മക്കൾ അവരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് വസിക്കുവാൻ പട്ടണങ്ങൾ കൊടുക്കണമെന്ന് അവരോട് കല്പിക്കുക; പട്ടണങ്ങളോടുകൂടി അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്ക് കൊടുക്കേണം. 3പട്ടണങ്ങൾ അവർക്ക് പാർപ്പിടവും, അവയുടെ പുല്പുറങ്ങൾ ആടുമാടുകൾക്കും സകല മൃഗസമ്പത്തിനും ആയിരിക്കേണം. 4നിങ്ങൾ ലേവ്യർക്ക് നൽകേണ്ട പുല്പുറങ്ങൾ: പട്ടണത്തിന്‍റെ മതിലിൽതുടങ്ങി പുറത്തേക്ക് ചുറ്റും ആയിരം (1,000) മുഴം വിസ്താരം ആയിരിക്കേണം. 5പട്ടണം മദ്ധ്യത്തിലാക്കി അതിന് പുറമെ കിഴക്കോട്ടു രണ്ടായിരം (2,000) മുഴവും തെക്കോട്ട് രണ്ടായിരം (2,000) മുഴവും പടിഞ്ഞാറോട്ട് രണ്ടായിരം (2,000) മുഴവും വടക്കോട്ട് രണ്ടായിരം (2,000) മുഴവും അളക്കേണം; ഇത് അവർക്ക് പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം. 6നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങളിൽ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കൊലചെയ്തവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് നിങ്ങൾ അവയെ അവനുവേണ്ടി വേർതിരിക്കേണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തിരണ്ട് പട്ടണങ്ങൾ കൊടുക്കേണം. 7അങ്ങനെ നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടി നാല്പത്തിയെട്ട് ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം. 8യിസ്രായേൽ മക്കളുടെ അവകാശത്തിൽനിന്ന് ജനം ഏറെയുള്ളവർക്ക് ഏറെയും ജനം കുറഞ്ഞവർക്ക് കുറവും പട്ടണങ്ങൾ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യർക്ക് പട്ടണങ്ങൾ കൊടുക്കേണം.” 9യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 10“നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: ‘നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം 11ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കേണം; അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകേണം. 12കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്‍ക്കുംവരെ അവൻ പ്രതികാരകൻ്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. 13നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കേണം. 14യോർദ്ദാന് അക്കരെ മൂന്നു പട്ടണവും കനാൻദേശത്ത് മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. 15അബദ്ധവശാൽ ഒരുവനെ കൊല്ലുന്നവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറു പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നു പാർക്കുന്നവനും സങ്കേതം ആയിരിക്കേണം. 16എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 17മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും ഒരുവനെ കല്ലെറിഞ്ഞിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 18അല്ലെങ്കിൽ മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ട് ഒരുവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 19രക്തപ്രതികാരകൻ തന്നെ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുമുട്ടുമ്പോൾ അവനെ കൊല്ലേണം. 20ആരെങ്കിലും വിദ്വേഷം നിമിത്തം ഒരുവനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെമേൽ വല്ലതും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ, 21അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുമുട്ടുമ്പോൾ കൊന്നുകളയേണം. 22എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്ന് ഒരുവനെ കുത്തുകയോ മനഃപൂർവ്വം അല്ലാതെ വല്ലതും അവന്‍റെമേൽ എറിയുകയോ, 23അവനു ശത്രുവായിരിക്കാതെയും അവനു ദോഷം വിചാരിക്കാതെയും അവൻ മരിക്കുവാൻ തക്കവണ്ണം അവനെ കാണാതെ കല്ല് എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ 24കൊലചെയ്തവനും രക്തപ്രതികാരകനും മദ്ധ്യത്തിൽ ഈ ന്യായങ്ങൾ അനുസരിച്ച് സഭ വിധിക്കേണം. 25കൊല ചെയ്തവനെ സഭ രക്തപ്രതികാരകന്‍റെ കൈയിൽനിന്ന് രക്ഷിക്കണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്‍റെ മരണംവരെ അവൻ അവിടെ പാർക്കേണം. 26എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിൻ്റെ അതിരു വിട്ട് പുറത്തുവരികയും 27അവനെ അവന്‍റെ സങ്കേതനഗരത്തിൻ്റെ അതിരിനു പുറത്തുവച്ച് കണ്ടു രക്തപ്രതികാരകൻ കൊല ചെയ്തവനെ കൊല്ലുകയും ചെയ്താൽ അവനു രക്തപാതകം ഇല്ല. 28അവൻ മഹാപുരോഹിതന്‍റെ മരണംവരെ തന്‍റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊല ചെയ്തവന് മഹാപുരോഹിതന്‍റെ മരണശേഷം തന്‍റെ അവകാശഭൂമിയിലേക്ക് മടങ്ങിപ്പോകാം. 29ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം. 30ആരെങ്കിലും ഒരുവനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്‍റെ നേരെ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല. 31മരണയോഗ്യനായ കൊലപാതകൻ്റെ ജീവനുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്; അവൻ മരണശിക്ഷ തന്നെ അനുഭവിക്കേണം. 32സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്‍റെ മരണത്തിനു മുമ്പെ നാട്ടിൽ മടങ്ങിവന്ന് പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്. 33നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്ത് ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്‍റെ രക്തത്താൽ അല്ലാതെ ദേശത്തിന് പ്രായശ്ചിത്തം സാദ്ധ്യമല്ല. 34അതുകൊണ്ട് ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽ മക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.”

Keep going

Indian Revised Version — Malayalam (2019). Indian Revised Version (Malayalam), Bridge Connectivity Solutions, CC BY-SA 4.0, via eBible.org. Inline cross-reference notes removed..

Books

✦ Explain this verse with AI AI explanations, Bible Q&A, characters, maps and more — in the Truth of Bible app →

Reading settings

Theme
Text size
100%
Layout

Loading the Bibles…

Your choice is remembered on this device and used for reading, search and the verse screen.