Skip to content

Indian Revised Version — Malayalam (2019)

ഇയ്യോബ് 28

1“വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും പൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്. 2ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു. 3മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു. 4താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു; നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ; മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു. 5ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു; അതിന്‍റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു. 6അതിലെ പാറകൾ നീലരത്നത്തിന്‍റെ ഉല്പത്തിസ്ഥാനം; സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്. 7അതിന്‍റെ പാത കഴുകൻ അറിയുന്നില്ല; പരുന്തിന്‍റെ കണ്ണ് അതിനെ കണ്ടിട്ടില്ല. 8ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല; ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല. 9അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു; പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു. 10അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു; അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു. 11അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു; മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു. 12“എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? 13അതിന്‍റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല. 14അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു; അത് എന്‍റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു. 15സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല; അതിന്‍റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല. 16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല; 17സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല; തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല. 18പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര് പറയുകയും വേണ്ടാ; ജ്ഞാനത്തിന്‍റെ വില മുത്തുകളേക്കാൾ അധികമാണ്. 19കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല; തങ്കംകൊണ്ട് അതിന്‍റെ വില മതിക്കാകുന്നതുമല്ല. 20“പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു? വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? 21അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു. 22ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട് എന്നു നാശവും മരണവും പറയുന്നു. 23ദൈവം അതിലേക്കുള്ള വഴി അറിയുന്നു; അതിന്‍റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്. 24ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു; ആകാശത്തിന്‍റെ കീഴെല്ലാം കാണുന്നു. 25ദൈവം കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. 26ദൈവം മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ 27അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയും അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു. 28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“

Keep going

Indian Revised Version — Malayalam (2019). Indian Revised Version (Malayalam), Bridge Connectivity Solutions, CC BY-SA 4.0, via eBible.org. Inline cross-reference notes removed..

Books

✦ Explain this verse with AI AI explanations, Bible Q&A, characters, maps and more — in the Truth of Bible app →

Reading settings

Theme
Text size
100%
Layout

Loading the Bibles…

Your choice is remembered on this device and used for reading, search and the verse screen.