Indian Revised Version — Malayalam (2019)
യെഹെസ്കേൽ 15
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2“മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്ക് മറ്റു വൃക്ഷങ്ങളെക്കാൾ എന്ത് വിശേഷതയുള്ളു? 3ഏതെങ്കിലും പണിക്ക് അതിൽനിന്ന് മരത്തടി എടുക്കാമോ? ഏതെങ്കിലും സാധനം തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ? 4അതിനെ തീക്ക് ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അത് ഏതെങ്കിലും പണിക്ക് കൊള്ളുമോ? 5അത് മുഴുവനായിരുന്നപ്പോൾതന്നെ ഒരു പണിക്കും ഉപയോഗമില്ലാതിരുന്നു; തീ അതിനെ ദഹിപ്പിക്കുകയും അത് ദഹിച്ചുപോകുകയും ചെയ്തശേഷം ഏതെങ്കിലും പണിക്ക് ഉപകരിക്കുമോ?” 6അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേം നിവാസികളെയും ആക്കും. 7ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കിരയായിത്തീരും; ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 8അവർ ദ്രോഹം ചെയ്യുകകൊണ്ട് ഞാൻ ദേശത്തെ ശൂന്യമാക്കും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
This chapter is not in this version.
Keep going
Indian Revised Version — Malayalam (2019). Indian Revised Version (Malayalam), Bridge Connectivity Solutions, CC BY-SA 4.0, via eBible.org. Inline cross-reference notes removed..