Skip to content

Indian Revised Version — Malayalam (2019)

പുറപ്പാട് 35

1അതിനുശേഷം മോശെ യിസ്രായേൽ മക്കളുടെ സംഘത്തെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “നിങ്ങൾ പ്രമാണിക്കുവാൻ യഹോവ കല്പിച്ച വചനങ്ങൾ ഇവയാണ്: 2ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. 3ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.” 4മോശെ പിന്നെയും യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത്: “യഹോവ ഇപ്രകാരം കല്പിച്ചു: 5നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുക്കുവിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവരേണം. 6പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, 7ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, 8വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം, 9ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ല് എന്നിവ തന്നെ. 10നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നത് എല്ലാം ഉണ്ടാക്കേണം. 11തിരുനിവാസം, അതിന്‍റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ, 12തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്‍റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, 13മേശ, അതിന്‍റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം, 14വെളിച്ചത്തിന് നിലവിളക്ക്, അതിന്‍റെ ഉപകരണങ്ങൾ, അതിന്‍റെ ദീപങ്ങൾ, വിളക്കിന് എണ്ണ, 15ധൂപപീഠം, അതിന്‍റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്‍റെ മറശ്ശീല, 16ഹോമയാഗപീഠം, അതിന്‍റെ താമ്രജാലം, തണ്ടുകൾ, അതിന്‍റെ ഉപകരണങ്ങളെല്ലാം, തൊട്ടി, അതിന്‍റെ കാൽ, 17പ്രാകാരത്തിന്‍റെ മറശ്ശീലകൾ, അതിന്‍റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിൻ്റെ മറ, 18തിരുനിവാസത്തിന്‍റെ കുറ്റികൾ, പ്രാകാരത്തിന്‍റെ കുറ്റികൾ, അവയുടെ കയറുകൾ, 19വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതശുശ്രൂഷയ്ക്കായി അഹരോന്‍റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്‍റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ.” 20അപ്പോൾ യിസ്രായേൽ മക്കളുടെ സർവ്വസഭയും മോശെയുടെ അടുക്കൽനിന്ന് പുറപ്പെട്ടു. 21ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താത്പര്യവും തോന്നിയവർ എല്ലാം സമാഗമനകൂടാരത്തിന്‍റെ പ്രവൃത്തിയ്ക്കും അതിന്‍റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. 22പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്ക് പൊൻവഴിപാട് കൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു. 23നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അത് കൊണ്ടു വന്നു. 24വെള്ളിയും താമ്രവും വഴിപാടുകൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു. 25സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം തങ്ങളുടെ കൈകൊണ്ട് നെയ്തെടുത്ത നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു. 26ഹൃദയത്തിൽ ഉത്സാഹം തോന്നിയ സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം കോലാട്ടുരോമം കൊണ്ടു നൂലുണ്ടാക്കി. 27പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ലുകളും ഗോമേദകക്കല്ലുകളും 28വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു. 29മോശെമുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽ മക്കളിൽ ഔദാര്യമനസ്സുള്ള സകലപുരുഷന്മാരും സ്ത്രീകളും യഹോവയ്ക്ക് സ്വമേധാദാനം കൊണ്ടുവന്നു. 30എന്നാൽ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞത്: “നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്‍റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. 31യഹോവ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു. 32കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ട് പണി ചെയ്യുവാനും 33രത്നം വെട്ടി പതിക്കുവാനും മരത്തിൽ കൊത്തുപണിയായ സകലവിധ കൗശലപ്പണികളും ചെയ്യുവാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു. 34അവന്‍റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിൻ്റെ മകനായ ഒഹൊലിയാബിൻ്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിക്കുവാൻ യഹോവ തോന്നിച്ചിരിക്കുന്നു. 35കൊത്തുപണിക്കാരൻ്റെയും കൗശലപ്പണിക്കാരൻ്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് പണിചെയ്യുന്ന തയ്യൽക്കാരൻ്റെയും നെയ്ത്തുകാരൻ്റെയും ഏതുതരം ശില്പവേല ചെയ്യുന്നവരുടെയും കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്യുവാൻ യഹോവ അവരെ മനസ്സിൽ ജ്ഞാനംകൊണ്ട് നിറച്ചിരിക്കുന്നു.

Keep going

Indian Revised Version — Malayalam (2019). Indian Revised Version (Malayalam), Bridge Connectivity Solutions, CC BY-SA 4.0, via eBible.org. Inline cross-reference notes removed..

Books

✦ Explain this verse with AI AI explanations, Bible Q&A, characters, maps and more — in the Truth of Bible app →

Reading settings

Theme
Text size
100%
Layout

Loading the Bibles…

Your choice is remembered on this device and used for reading, search and the verse screen.