Skip to content

Sathyavedapusthakam (1910)

Proverbs 20

1വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല. 2രാജാവിന്റെ ഭീഷണം സിംഹഗൎജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു. 3വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും. 4മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. 5മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും. 6മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും? 7പരമാൎത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ. 8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു. 9ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിൎമ്മലനായിരിക്കുന്നു എന്നു ആൎക്കു പറയാം? 10രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു. 11ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം. 12കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി. 13ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും. 14വിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു. 15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം. 16അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക. 17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും. 18ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമൎത്ഥ്യത്തോടെ യുദ്ധം ചെയ്ക. 19നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോടു ഇടപെടരുതു. 20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും. 21ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല. 22ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും. 23രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു. 24മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം? 25“ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേൎന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി. 26ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. 27മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു. 28ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു. 29യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം. 30ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

Keep going

Sathyavedapusthakam (1910). Public Domain.

Books

✦ Explain this verse with AI AI explanations, Bible Q&A, characters, maps and more — in the Truth of Bible app →

Reading settings

Theme
Text size
100%
Layout

Loading the Bibles…

Your choice is remembered on this device and used for reading, search and the verse screen.